National
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്കു സമ്മതം ലഭിച്ചുവെന്ന് (ഡീംഡ് അസെന്റ്) കണക്കാക്കിയതായി പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
എന്നാൽ, ബില്ലുകൾ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല. വിശദീകരിക്കാനാകാത്ത കാലതാമസം വരുത്തി ബില്ലുകൾ പിടിച്ചുവയ്ക്കുന്നതു ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകൾ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. ഇതിനായി പരിമിതമായ ജുഡീഷൽ അവലോകന അധികാരം പ്രയോഗിക്കാൻ കോടതിക്കു കഴിയുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
നിയമനിർമാണ പ്രക്രിയയെ തടസപ്പെടുത്തുന്ന തരത്തിൽ ഗവർണറുടെ ഭാഗത്തുനിന്ന് ദീർഘമായതോ വിശദീകരിക്കാനാകാത്തതോ ആയ കാലതാമസം ഉണ്ടായാൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണറോട് കോടതിക്കു നിർദേശിക്കാം. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് ഒന്നും നിരീക്ഷിക്കാതെയാകണം ഇത്. ബില്ലുകളിൽ ഗവർണർ ഭരണഘടനാപരമായ തീരുമാനമെടുക്കണം. തീരുമാനമെടുക്കുന്പോൾ ഗവർണർക്കു വിവേചനാധികാരം ഉപയോഗിക്കാം.
ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക റഫറൻസിനു മറുപടിയായാണു വിധി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണു പത്തു ദിവസം വാദം കേട്ട് ഇന്നലെ വിധി പ്രഖ്യാപിച്ചത്. തമിഴ്നാട് ഗവർണർ കേസിൽ, രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിന്യായത്തിനു തൊട്ടുപിന്നാലെ, കഴിഞ്ഞ മേയിലാണു രാഷ്ട്രപതിയുടെ റഫറൻസ് ഉണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 200/201 പ്രകാരമുള്ള ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്കു സമയപരിധി നിശ്ചയിക്കാൻ കോടതിക്കു കഴിയില്ല. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്ക് "കണക്കാക്കിയ സമ്മതം’ പ്രഖ്യാപിച്ച് ഇത്തരം ബില്ലുകൾ പാസായതായി കണക്കാക്കുന്ന കോടതികളുടെ ആശയം ഭരണഘടനയുടെ ആത്മാവിനു വിരുദ്ധമാണ്.
തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ പാസായതായി കണക്കാക്കാമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അധികാരവിഭജന സിദ്ധാന്തത്തിനെതിരാണ്. ഗവർണർക്കു മാത്രമുള്ള ചുമതലകളുടെ കൈയടക്കലാണിത്. എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ ജുഡീഷറി ഏറ്റെടുക്കുന്നതും മാറ്റി സ്ഥാപിക്കുന്നതുമാണ് ഇതെന്ന നിഗമനത്തിലെത്തുന്നതിൽ ഒരു മടിയുമില്ല. നമ്മുടെ ലിഖിത ഭരണഘടനയുടെ പരിധിക്കുള്ളിൽ ഇത് അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.
കാലാവധി തീരുന്നതിനു തൊട്ടുമുന്‍പ് പ്രധാന വിധി
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ഞായറാഴ്ച വിരമിക്കുന്ന ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അവസാന പ്രവൃത്തിദിവസത്തിനു തലേന്നാണ് സുപ്രധാന വിധിപ്രസ്താവമുണ്ടായത്. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളുകയും ഗവർണർമാരുടെ വിവേചനാധികാരം സ്ഥാപിക്കുകയും ചെയ്തതിലൂടെ ആഗ്രഹിച്ച വിധിതീർപ്പ് ഉണ്ടായെന്നതിൽ കേന്ദ്രസർക്കാരിന് ആശ്വസിക്കാം.
പുതിയ ചീഫ് ജസ്റ്റീസ് സുര്യകാന്ത് തിങ്കളാഴ്ച ചുമതലയേൽക്കും. കഴിഞ്ഞ മേയ് 14 മുതലാണ് ഗവായ് ചീഫ് ജസ്റ്റീസായി പ്രവർത്തിച്ചത്.
National
ന്യൂഡൽഹി: കരസേനയ്ക്കെതിരേയുള്ള പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികളുടെ സ്റ്റേ ഡിസംബർ നാലുവരെ സുപ്രീംകോടതി നീട്ടി.
കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാനാവശ്യപ്പെട്ടുള്ള ഒരു കത്ത് പ്രചരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ വാദം കേൾക്കൽ കോടതി മാറ്റിവച്ചത്. ഇതോടെ ക്രിമിനൽ വിചാരണയിൽനിന്നുള്ള ഇടക്കാല സംരക്ഷണം അടുത്ത മാസം വരെ രാഹുലിനു ലഭിക്കും.
ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ 2022ലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണു കേസിനാധാരം. രാഹുലിന്റെ പരാമർശങ്ങൾ കരസേനയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
വിഷയത്തിൽ അപകീർത്തിപ്പെടുത്തൽ കുറ്റത്തിനു വിചാരണ നേരിടാൻ രാഹുലിന് ലക്നോയിലെ വിചാരണക്കോടതി സമൻസ് അയച്ചിരുന്നു. ഈ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുൽ ലക്നോയിലെ താമസക്കാരനല്ലെന്നും സമൻസ് അയയ്ക്കുന്നതിനുമുന്‍പ് വിചാരണക്കോടതി ആദ്യം പരാതി സ്ഥിരീകരിച്ചിരിക്കണമെന്നുമാണ് സമൻസിനെതിരേ രാഹുൽ വാദിക്കുന്നത്.
National
ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരേ (എസ്ഐആർ) സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജി സമർപ്പിച്ച കേരള സർക്കാരിന്റെയും മുസ്ലിം ലീഗിന്റെയും അഭിഭാഷകരായ സി.കെ. ശശിയും ഹാരിസ് ബീരാനും ചീഫ് ജസ്റ്റീസിനോട് വാക്കാൽ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പു നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതേസമയം എസ്ഐആർ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നുമുള്ള വാദം അംഗീകരിച്ചാണ് സുപ്രീംകോടതി വിഷയം നാളെ പരിഗണിക്കാമെന്നു സമ്മതിച്ചത്. ബന്ധപ്പെട്ട എല്ലാ ഹർജികളും ഒരുമിച്ചു പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ് പറഞ്ഞു.
എസ്ഐആറിനെതിരേ സിപിഎമ്മും ഇന്നലെ സുപ്രീംകോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുവേണ്ടി അഭിഭാഷകനായ ജി. പ്രകാശാണ് ഹർജി നൽകിയിരിക്കുന്നത്. എസ്ഐആർ ഉടൻ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: 2021ലെ ട്രൈബ്യൂണൽ പരിഷ്കരണ നിയമത്തിലെ നിർണായക വ്യവസ്ഥകൾ സുപ്രീംകോടതി റദ്ദാക്കി.
മുന്‍പ് സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച ഒരു ഓർഡിനൻസിന്റെ “ചെറിയ മാറ്റങ്ങൾ വരുത്തിയ പുനർനിർമാണം''എന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
മദ്രാസ് ബാർ അസോസിയേഷനും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശുമാണ് ഹർജി സമർപ്പിച്ചിരുന്നത്.
National
ന്യൂഡൽഹി: ബിഎസ്പി തമിഴ്നാട് ഘടകം പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സിബിഐക്കു കൈമാറിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു.
തമിഴ്നാട് സർക്കാർ നൽകി അപ്പീലിലാണ് ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ചിന്റെ നടപടി. കുറ്റപത്രം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി തീരുമാനം കഴിഞ്ഞ ഒക്ടോബർ പത്തിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ അന്വേഷണം സിബിഐക്കു കൈമാറുന്നതിൽ തീരുമാനമെടുത്തിരുന്നില്ല. 2024 ജൂലൈ അഞ്ചിന് ചെന്നൈയിൽ വച്ചാണ് ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായ 27 പേരും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.
National
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാകുന്ന ഡിസംബർ 21 വരെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) മാറ്റിവയ്ക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടത്തുന്നത് ഏതാണ്ട് അസാധ്യമാണെന്ന് ചീഫ് സെക്രട്ടറി മുഖേന നൽകിയ ഹർജിയിൽ സർക്കാർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്, എസ്ഐആർ പ്രക്രിയകൾ ഒരേസമയം നടത്തുന്നതു മനുഷ്യവിഭവശേഷിയെ ബാധിക്കും എന്നു മാത്രമല്ല, സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ശ്രദ്ധിക്കാൻ ഒരു ജീവനക്കാരനും അവശേഷിക്കാത്ത ഭരണസ്തംഭനവും സൃഷ്ടിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനവും നടപടികളും ആരംഭിച്ചതിനാൽ, ഡിസംബർ നാലു വരെ നീളുന്ന തീവ്ര വോട്ടർപട്ടികാ പരിഷ്കരണം മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിർദേശം നൽകണമെന്നു സുപ്രീംകോടതിയോട് കേരളം ആവശ്യപ്പെട്ടു. എന്നാൽ, എസ്ഐആർ നീട്ടിവയ്ക്കില്ലെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്.
തെരഞ്ഞെടുപ്പു ജോലികൾക്കായി 1,76,000 സർക്കാർ-അർധസർക്കാർ ഉദ്യോഗസ്ഥരെയും 68,000 പോലീസുകാരെയും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കേണ്ടതുണ്ട്.
എസ്ഐആറിനു മാത്രമായി 25,668 ഉദ്യോഗസ്ഥരുടെ സേവനം അധികമായി ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്ഐആർ പ്രക്രിയയിൽ ഉൾപ്പെടുത്തില്ലെന്ന് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സങ്കീർണ നടപടിക്രമങ്ങളുള്ള സമഗ്ര പ്രക്രിയയാണ് എസ്ഐആർ. പരിശീലനം ലഭിച്ചതും പരിചയസന്പന്നരുമായ ജീവനക്കാരുടെ എണ്ണം പരിമിതമാണ്.
കേരള പഞ്ചായത്തിരാജ് നിയമത്തിലെ വകുപ്പ് 38, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 94 എന്നിവ പ്രകാരം അഞ്ചു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ടെന്നും അഭിഭാഷകൻ സി.കെ. ശശി മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ: റിട്ടേണിംഗ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അവരുടെ മുഴുവൻ ജീവനക്കാർ; സെക്ടറൽ ഓഫീസർമാർ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ലെവൽ പരിശോധനയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പു പരിശീലനത്തിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ; പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ തുടങ്ങിയവരെ ബൂത്ത് ലെവൽ ഓഫീസർമാരായി (ബിഎൽഒ) നിയമിക്കരുതെന്നും കേരളം വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി.
തദ്ദേശതെരഞ്ഞെടുപ്പിനും വോട്ടര്‍പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇന്നു വിധി പറയുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. എസ്ഐആര്‍ നടപടിയും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സവിശേഷ സാഹചര്യം കേരളത്തില്‍ മാത്രമാണെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.
തെരഞ്ഞെടുപ്പുനടപടികള്ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കുന്നതിന് 25,668 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എസ്ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍ സംസ്ഥാനത്തിന്റെ ഹര്‍ജി ദുരുദ്ദേശപരമാണെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം. നിലവില്‍ തെരഞ്ഞെടുപ്പുനടപടികളും എസ്ഐആറും സുഗമമായാണു നടക്കുന്നത്. തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. കരട് പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കേണ്ടതാണെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.
National
ന്യൂഡൽഹി: ഏതെങ്കിലും ഒരു കേസിൽ മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാതെ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാമോ എന്ന വിഷയത്തിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വാദം കേൾക്കും.
ബെഞ്ച് രൂപീകരിക്കുന്ന മുറയ്ക്ക് കേസ് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലുത്രയെ കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചു.
സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ടു കേരള ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം നൽകിയതിനെതിരേയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് നടപടി.
കേസിൽ പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പതിവ് കേരള ഹൈക്കോടതിയിൽ മാത്രമാണോ ഉള്ളതെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ബെഞ്ച് ചോദിച്ചിരുന്നു.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷകൾ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നതിൽ ഹൈക്കോടതിയുടെ വിവേചനാധികാരത്തെ പരിമിതപ്പെടുത്താൻ സാധിക്കില്ലെന്നു കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
National
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ജാമ്യഹർജിയിൽ സുപ്രീംകോടതിയിൽ നിലപാടറിയിക്കാതെ സംസ്ഥാന സർക്കാർ.
ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ചപ്പോൾ സർക്കാരിനെ പ്രതിനിധീകരിച്ചു ഹാജരായ സ്റ്റാൻഡിംഗ് കോണ്‍സൽ നിഷേ രാജൻ ഷൊങ്കർ സംസ്ഥാനത്തിന്റെ നിലപാടിൽ മൗനം പാലിച്ചു.
കേസിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്ന കെ.കെ. രമ എംഎൽഎയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സർക്കാരിനെ നിർബന്ധിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കെ.കെ. രമയ്ക്ക് സുപ്രീംകോടതി അനുമതി നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസിലെ 12-ാം പ്രതിയായ ജ്യോതി ബാബു ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ വെള്ളിയാഴ്ച ഉചിതമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച മറുപടി വിശദമായി പരിശോധിച്ച ശേഷം അന്തിമ ഉത്തരവ് ഉണ്ടാകുമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇന്ത്യൻ മൃഗ ക്ഷേമ ബോർഡിനെ കക്ഷി ചേർക്കാനും ബെഞ്ച് നിർദേശിച്ചു.
സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. തെരുവുനായകളുടെ എണ്ണം, കടിയേൽക്കുന്ന സംഭവങ്ങൾ, വന്ധ്യംകരണത്തിന്റെയും വാക്സിനേഷന്റെയും വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങൾ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കേണ്ടത്.
ഇതോടൊപ്പം തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് യാതൊരു നിബന്ധനയുമില്ലാതെ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി അനുമതി നൽകി. നേരത്തേ തെരുവുനായ്ക്കൾക്കു വേണ്ടി കോടതിയിൽ ഇടപെടൽ നടത്തുന്ന വ്യക്തികളും സർക്കാരിതര സംഘടനകളും യഥാക്രമം 25000 രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെ കെട്ടിവയ്ക്കണമെന്ന് ബെഞ്ച് നിർദേശിച്ചിരുന്നു.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കാൻ പരാജയപ്പെട്ടതിനാൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ഇന്നലെ സുപ്രീംകോടതിയിൽ ഹാജരായി നിരുപാധികം ക്ഷമാപണം നടത്തി.
കേരളത്തിൽനിന്ന് തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം എന്നിവർ ഹാജരായി. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുമായി തിരക്കിലായതിനാൽ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗണ്‍സൽ സി.കെ. ശശി കോടതിയെ അറിയിച്ചതിനെത്തുടർന്നാണിത്.
കോടതി നിർദേശങ്ങൾ പാലിച്ചതിന്റെ സത്യവാങ്മൂലം മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.
കോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലല്ലാതെ ഇനിയുള്ള വാദം കേൾക്കലുകളിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നൽകി.